
ദോഹ: ഇസ്രായേൽ ദേശീയ സുരക്ഷാ മന്ത്രി പോലീസിന്റെ സംരക്ഷണത്തിൽ അൽ-അഖ്സ പള്ളിയിൽ അതിക്രമിച്ചു കയറിയതിനെ ഖത്തർ ശക്തമായി അപലപിച്ചു. ഇത് അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്നും ലോകമെമ്പാടുമുള്ള മുസ്ലീങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്ന നടപടിയാണെന്നും ഖത്തർ വ്യക്തമാക്കി.അൽ-അഖ്സ പള്ളിയുടെ മതപരവും ചരിത്രപരവുമായ പദവി തകർക്കാനുള്ള നീക്കങ്ങളെ ഖത്തർ പൂർണ്ണമായും തള്ളിക്കളയുന്നതായും
ജെറൂസലേമിലെയും അവിടുത്തെ വിശുദ്ധ സ്ഥലങ്ങളിലെയും ഇസ്രായേൽ അതിക്രമങ്ങൾക്കെതിരെ അന്താരാഷ്ട്ര സമൂഹം ധാർമ്മികവും നിയമപരവുമായ ഉത്തരവാദിത്തം നിറവേറ്റണമെന്ന് ഖത്തർ ആവശ്യപ്പെട്ടു.പലസ്തീൻ ജനതയുടെ നീതിയുക്തമായ അവകാശങ്ങൾക്കൊപ്പം ഖത്തർ ഉറച്ചുനിൽക്കുന്നു. നിയന്ത്രണങ്ങളില്ലാതെ ആരാധന നടത്താനുള്ള അവകാശവും, കിഴക്കൻ ജെറൂസലേം തലസ്ഥാനമായി 1967-ലെ അതിർത്തികൾ പ്രകാരം സ്വതന്ത്ര പലസ്തീൻ രാഷ്ട്രം സ്ഥാപിക്കാനുള്ള അവകാശവും ഖത്തർ ആവർത്തിച്ച് വ്യക്തമാക്കി.











